പട്ടിക്കാട്: ദേശീയപാതയോരത്ത് ചെമ്പൂത്രയിൽ മീൻ വണ്ടിയിൽ നിന്നു മലിനജലം തള്ളി. ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് മീൻ കയറ്റി പോയിരുന്ന കണ്ടെയ്നർ ലോറിയിൽ നിന്നാണ് സർവീസ് റോഡിനോട് ചേർന്ന് മത്സ്യമാലിന്യം കലർന്ന വെള്ളം ഒഴുക്കിയത്. സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്ത് ക്ലോറിനേഷൻ നടത്തി. പതിനായിരം രൂപ പിഴയും ഈടാക്കി.
ദേശീയപാതയിലൂടെ വാഹനം കടന്നു വരുമ്പോൾ കണ്ടെയ്നറിനുള്ളിൽ നിന്നു മലിനജലം ഒഴുകിയതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാനാണ് വാഹനം സർവീസ് റോഡിനോട് ചേർന്നു നിർത്തിയതെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സമാനമായ നിലയിൽ വഴുക്കുംപാറയിൽ നിന്നും വാഹനങ്ങൾ മുൻപും പിടികൂടിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ. ബിന്ദു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജിത പ്രശാന്ത്, ഇ.എസ്. അഭിലാഷ്, പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണേന്ദു പ്രശാന്ത്, അജു തോമസ്, പീച്ചി പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.